കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത് 16 പുതിയ കേസുകള്‍
കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഇപ്പോഴും ലോകം. ഇതിനിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തി. ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.1.621. എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമാണോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണോ പുതിയ വകഭേദം എന്ന കാര്യത്തിലും തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം പുതിയതായി രോഗികളായിരിക്കുന്നവരില്‍ അധികവും വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്. നിലവില്‍ ബ്രിട്ടനില്‍ സാമൂഹിക വ്യാപനം വീണ്ടും സംഭവിച്ചതായുള്ള തെളിവുകളൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഇന്ത്യയില്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയലിധികം ഡോസ് വാക്സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.